നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു



കാഠ്മണ്ഡു: നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജിവന്‍ രക്ഷാ മരുന്നുകള്‍ അടക്കം അടിയന്തര സഹായമാണ് ഇന്ത്യ അയച്ചത്. 10 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചത്. താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ അയച്ചിട്ടുണ്ട്.


രക്ഷാദൗത്യത്തിന് തയാറായി വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ രംഗത്തുണ്ട്. സി-17, സി-130ജെ, സി-295 വിമാനങ്ങള്‍ വ്യോമസേന സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

നേപ്പാളിലെ റസുവ ജില്ലയില്‍ രാവിലെയുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ കുതിച്ചുയരുകയാണ്. അപകടത്തെ തുടര്‍ന്ന് ഇതുവരെ കാണാതായത് 400 ഓളം പേരെയാണ്. ഇതില്‍ 133 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. 19 പാലങ്ങളും 40 കിലോമീറ്റര്‍ റോഡും തകര്‍ത്ത പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സൈന്യത്തിന്റെയടക്കം നേതൃത്വത്തില്‍ തുടരുകയാണ്. ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പറുകളും നല്‍കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുമായി സംസാരിച്ചു.

മിന്നല്‍ പ്രളയത്തിനിടെ വഴിയില്‍ കുടുങ്ങിയ 36 പേരടങ്ങുന്ന മലയാളി സംഘം സുരക്ഷിതരാണ്. എറണാകുളത്തെ ട്രാവല്‍ഹബ്ബ് 24 എന്ന ഏജന്‍സി വഴി നേപ്പാളില്‍ എത്തിയ സംഘമാണ് വഴിമധ്യേ കുടുങ്ങി പോയത്. നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തെ മുന്നില്‍ക്കണ്ട് ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ടിബറ്റന്‍ മേഖലയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ഹിമപാതവും മണ്ണിടിച്ചിലുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Post a Comment

0 Comments