പത്തനംതിട്ട: മഴ കനത്തതോടെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ട മൂഴിയാർ ഡാമിൽ റെഡ് അലർട്ടാണ്. ജലനിരപ്പ് 190 മീറ്ററിന് അടുത്തെത്തി. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറന്നേക്കും. ഇതിനെ തുടർന്ന് കക്കാട് നദിയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ നിലവിൽ യെല്ലോ അലർട്ട് തുടരുകയാണ്.
കണ്ണൂർ ചെറുപുഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി. കർണാടക വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കണ്ണൂർ പാൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സപെട്ടു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്. രണ്ട് വീടുകളിലുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. മണ്ണ് നീക്കാനുള്ള പ്രവർത്തനം തുടരുകയാണ്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവോണ ദിനത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ 26/08/2026 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം, ഡൽഹിയിലും കനത്ത മഴ തുടരുകയാണ്. നിലവിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിനെത്തുടർന്ന് നഗരപ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
%20(1).jpg)
0 Comments