മെറ്റ വിവാദം; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം: മുഖ്യമന്ത്രി

 


തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു സമ്മര്‍ദ ശക്തിക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് മാധ്യമവാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണമാണ്. വാര്‍ത്ത പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടേയില്ലെന്നാണ് മെറ്റ ഔദ്യോഗികമായി നല്‍കിയ വിശദീകരണം. ഇനി വ്യാജപ്രചാരകര്‍ക്ക് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സോഷ്യല്‍ മീഡിയയില്‍ നിന്ന് വാര്‍ത്താകാര്‍ഡുകള്‍ നീക്കം ചെയ്ത സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാറായിരുന്നുവെന്നാണ് മെറ്റ പറയുന്നത്. പൊലീസോ കോടതിയോ സര്‍ക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല കാര്‍ഡുകള്‍ നീക്കം ചെയ്തതെന്നും സൈബര്‍ പൊലീസിന് രേഖാമൂലം നല്‍കിയ മറുപടി കത്തില്‍ മെറ്റ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ നേരത്തെ പറഞ്ഞിരുന്നു. എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്ഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമായെന്നായിരുന്നു പ്രതികരണം.

വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയിരുന്നു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്തകള്‍ മുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ല. മാധ്യമങ്ങളുടെ കാര്‍ഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments