കൊൽക്കത്ത: ബ്രസീലിനെതിരായ ഇന്ത്യയുടെ സൗഹൃദം മത്സരം പ്രഖ്യാപിച്ചിരിക്കെ പ്രതിഷേധമുയർത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചിങ് ബൂട്ടിയ. ഒക്ടോബർ 3-ന് കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം ആരാധകർ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരൊറ്റ മത്സരത്തിനായി 50 മുതൽ 70 കോടി രൂപ വരെ ചെലവഴിക്കുന്നതിനെയാണ് ബൂട്ടിയ ചോദ്യം ചെയ്തത്.
ഇന്ത്യൻ ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം പ്രദർശന മത്സരങ്ങൾക്ക് മുൻഗണന നൽകുന്നതിനെ മുൻ താരം വിമർശിച്ചു. ബ്രസീലുമായുള്ള മത്സരത്തിനായി ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിൻമാറാനുള്ള അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനത്തേയും അദ്ദേഹം എതിർത്തു. ഇത്തരം മത്സരങ്ങളേക്കാൾ ഔദ്യോഗിക മത്സരങ്ങൾ കളിക്കുന്നതാണ് ദേശീയ ടീമിന് കൂടുതൽ ഗുണം ചെയ്യുക. ഇത്തരം വൻകിട ഇവന്റുകൾക്കായി പണം ചെലവഴിക്കുന്നത് ബംഗാൾ ഫുട്‌ബോളിലെ വാണിജ്യ നിക്ഷേപങ്ങളെ ബാധിക്കും. ഫുട്‌സാൽ ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ള താഴെത്തട്ടിലുള്ള കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി പണം വിനിയോഗിക്കാൻ ബംഗാൾ സർക്കാർ തയാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
'നിങ്ങളുടെ കൈവശം 30 കോടി രൂപയുള്ളപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ 10 മെഡലുകൾ നേടുന്നതിനായി അടുത്ത നാല് വർഷത്തേക്ക് അത് നിക്ഷേപിക്കൂ'- ബൂട്ടിയപറഞ്ഞു. അതേയമസം, ആരോപണങ്ങൾ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ തള്ളി. സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവ് നൽകാൻ എഐഎഫ്എഫ് ബൂട്ടിയയെ വെല്ലുവിളിച്ചു. ബ്രസീൽ ടീമിനെതിരെ കളിക്കാനാവുന്നത് അപൂർവ അവസരമാണെന്നും, ഇത് ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രതിച്ഛായ ഉയർത്താനും ദേശീയ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി

0 Comments