കൊച്ചി: ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം കളറാക്കാൻ പാരമ്പര്യത്തനിമയും ആധുനിക ഫാഷൻ ട്രെൻഡുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ വസ്ത്രശേഖരമാണ് പ്രധാന വസ്ത്രവ്യാപാരശാലകളിലും ബോട്ടീക്കുകളിലും ഒരുക്കിയിരിക്കുന്നത്. അസംഘടിത മേഖല ഉൾപ്പെടെ ഏതാണ്ട് 8,000 കോടി രൂപയുടെ വിൽപ്പനയാണ് വ്യാപാരികൾ ഇക്കുറി പ്രതീക്ഷിക്കുന്നത്. ടെക്‌സ്‌റ്റൈൽസ്-ഗാർമെന്റ്‌സ് മേഖലയിലെ ഒരു വർഷത്തെ മൊത്തം വിൽപ്പനയുടെ 30-40 ശതമാനം വരെ നടക്കുന്നത് ഓണക്കാലത്തായതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളും സമ്മാനങ്ങളുമാണ് വസ്ത്രശാലകൾ ഒരുക്കിയിരിക്കുന്നത്. എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് വിൽപ്പന കൂടുതൽ കൊഴുക്കുന്നത്.
ഡിസൈനുകളിൽ കലയും പാരമ്പര്യവും
പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം പുത്തൻ ട്രെൻഡുകൾക്കും ആവശ്യക്കാർ ഏറെയാണ്. അത്തപ്പൂക്കളം, ഓണസദ്യ, വള്ളംകളി, പുലികളി, മാവേലി, കഥകളി, തെയ്യം തുടങ്ങിയ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന പ്രിന്റുകളുള്ള ഷർട്ടുകൾക്ക് വലിയ പ്രിയമാണ്. ചെമ്പരത്തി, ചെമ്പകം, താമര തുടങ്ങിയ പൂക്കളുടെ പ്രിന്റുകളുള്ള സാരികളും ഇത്തവണ തരംഗമാകുന്നുണ്ട്. കഫ്താൻ വസ്ത്രങ്ങൾക്കും ഡിമാൻഡ് കൂടുതലാണ്. ലൈറ്റ് വെയിറ്റ് വസ്ത്രങ്ങൾക്കാണ് പുതുതലമുറ മുൻഗണന നൽകുന്നത്.
പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം പുതുമ തേടുന്നവർക്കുള്ള വസ്ത്രശ്രേണിയുമുണ്ട്. മൽ കോട്ടൺ സാരികൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയ സ്വാധീനിച്ച ട്രെൻഡിങ് വസ്ത്രങ്ങൾ തേടിയാണ് ഭൂരിഭാഗം ആളുകളും എത്തുന്നതെന്ന് ജയലക്ഷ്മി സിൽക്‌സ് മാനേജിങ് ഡയറക്ടർ എൻ. ഗോവിന്ദ് കമ്മത്ത് പറഞ്ഞു. സമ്മാനങ്ങൾ നൽകാൻ പരമ്പരാഗത വസ്ത്രങ്ങളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുണിവാങ്ങി തുന്നുന്നതിനേക്കാൾ പുതിയ തലമുറ റെഡിമെയ്ഡ് വസ്ത്രങ്ങളോടാണ് താത്പര്യം കാണിക്കുന്നതെന്ന് സ്വയംവര സിൽക്‌സ് സി.ഇ.ഒ. ശങ്കരൻകുട്ടി രാജശേഖരനും ചൂണ്ടിക്കാട്ടി.
കുട്ടി ഓണവും വെൽക്രോ മുണ്ടുകളും
കുട്ടികളുടെ വസ്ത്രവിപണിയിലും വൻ മുന്നേറ്റമാണ് കാണുന്നത്. 500 രൂപ മുതൽ ആരംഭിക്കുന്ന നവജാത ശിശുക്കളുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് വലിയ ആവശ്യക്കാരുണ്ട്.
പുരുഷന്മാർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയം ഷർട്ടിനും കുർത്തയ്ക്കും ഇണങ്ങുന്ന കരയുള്ള മുണ്ടുകളോടാണ്. കുട്ടികൾക്കായി ശരാശരി 400 രൂപ മുതൽ ലഭിക്കുന്ന ഒട്ടിച്ചുടുക്കാവുന്ന വെൽക്രോ മുണ്ടുകൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ്. മുതിർന്നവർക്കുള്ള വെൽക്രോ മുണ്ടുകൾ 1,000 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ബ്രാൻഡ് അനുസരിച്ച് ഇത്തരം മുണ്ടുകളുടെ വിലയിൽ വ്യത്യാസം വരും.
വൈവിധ്യമാർന്ന കരകളും നെയ്ത്തുകളും ഒത്തുചേരുന്ന മുണ്ടുകൾ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്നതാണെന്ന് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ. നാഗരാജൻ പറഞ്ഞു.
%20(1).jpg)
0 Comments