തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ഫൈബർ വള്ളത്തിന്റെ നങ്കൂരത്തിൽ കുടുങ്ങിയ നിലയിൽ




 മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. മുരുപ്പുമാട് കടവിന് സമീപത്ത് വെച്ച് ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടയിലാണ് നങ്കൂരത്തിൽ ചാക്ക് കുടുങ്ങിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹമാണെന്ന് വ്യക്തമായതും പൊലീസിനെ വിവരമറിയിച്ചതും.

കഴിഞ്ഞ ദിവസം പുറത്തൂർ പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ ഭാര്യ ഫൗസിയയുടെ മൃതദേഹമാണോ കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്.

അതേസമയം, കാണാതായ ഭർത്താവിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ബുധനാഴ്ച രാത്രിയോടെ വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഫൗസിയയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം രണ്ടുപേരെയും കാണാനില്ലെന്ന് കാട്ടി തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments