യമൻ-സൊമാലിയ തീരങ്ങളിൽ രണ്ട് കപ്പലുകൾ തട്ടിയെടുത്ത് കടൽക്കൊള്ളക്കാർ; കപ്പലുകളിലുള്ളത് 22 ഇന്ത്യക്കാർ

 



ന്യൂഡൽഹി: യമൻ, സൊമാലിയൻ തിരപ്രദേശങ്ങളിലായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് വാണിജ്യ കപ്പലുകൾ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. ഷിപ്പിങ് മന്ത്രാലമാണ് ഈ വിവരം പുറത്തുവിട്ടത്. തട്ടിയെടുത്ത രണ്ട് കപ്പലിലുമായി 22 ഇന്ത്യൻ ജീവനക്കാരുണ്ട്. ഇവർ നിലവിൽ സുരക്ഷിതരാണ്. ഓഗസ്റ്റ് 17നായിരുന്നു ആദ്യ കപ്പൽ തട്ടിയെടുത്തത്. സൊമാലിയയിലെ പൂണ്ട്‌ലാന്‍ഡ് തീരത്തിന് സമീപമായിരുന്നു സംഭവം. കാമറൂണ്‍ പതാകയുള്ള M/V LUTUF എന്ന കപ്പലില്‍ 10 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. ഈ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാമത്തെ സംഭവത്തിൽ, 16 ഇന്ത്യക്കാർ ഉൾപ്പെടെ 20 ജീവനക്കാരുണ്ടായിരുന്ന M.T. Sibu 1 എന്ന എണ്ണക്കപ്പൽ ആഗസ്റ്റ് 20ന് ഗൾഫ് ഓഫ് ഏഡനിൽ യമൻ തീരത്തിന് സമീപത്ത് നിന്നാണ് പിടിച്ചെടുത്തത്. ആയുധധാരികളായ ആറ് കടൽക്കൊള്ളക്കാരുടെ സംഘമാണ് കപ്പൽ പിടിച്ചെടുത്തത്. ആദ്യം ജീവനക്കാർ കപ്പലിലെ സുരക്ഷിത മുറിയിൽ അഭയം പ്രാപിച്ചിരുന്നു. എന്നാൽ, കടൽക്കൊള്ളക്കാർ വാതിൽ തകർത്ത് അകത്തുകയറി എല്ലാവരെയും കപ്പലിന്റെ കൺട്രോൾ റൂമിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കപ്പൽ കൊള്ളക്കാരുടെ നിയന്ത്രണത്തിലാണ്.

ആറ് ഇന്ത്യക്കാർ, ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാർ എന്നിവരാണ് ലുത്തുഫിൽ ഉണ്ടായിരുന്നത്. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമായി പോകുകയായിരുന്ന ചരക്കുകപ്പലാണിത്.

ഇറാൻ, ഇസ്രായേൽ, യുഎസ് സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിൽ നാവിക സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇന്ത്യക്കാർ ഉൾപ്പെട്ട ഈ പുതിയ കടൽക്കൊള്ള സംഭവം ഉണ്ടായിരിക്കുന്നത്

Post a Comment

0 Comments