ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ല: യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി






പ്രയാഗ്‌രാജ്: ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ഹരജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

മതപരമായ ഇഷ്ടത്തിന്റെ പേരിൽ യൂണിഫോം മാറ്റാൻ അവകാശമില്ല, ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി പറഞ്ഞു. സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിനിയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

പ്രയാഗ്‌രാജിലെ ടാഗോർ പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി അതേ സ്ഥാപനത്തിൽ പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടിയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഈ സ്കൂളിൽ ശിരോവസ്ത്രം ധരിച്ചാണ് പഠിച്ചതെന്നും, ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്കൂൾ അധികൃതർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി ഹർജി നൽകിയത്. എന്നാൽ, ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വാദം തള്ളി.

"വിദ്യാർഥിനിയുടെ വിവിധ ക്ലാസുകളിലെ ഗ്രൂപ്പ് ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഹർജിക്കാരി ഒഴികെ മറ്റൊരാളും, സ്വന്തം സമുദായത്തിൽപ്പെട്ട മറ്റു പെൺകുട്ടികൾ പോലും സ്കൂളിൽ ഹിജാബ് ധരിക്കുന്നില്ലെന്ന് വ്യക്തമാണ്" എന്ന് കോടതി നിരീക്ഷിച്ചു. ഡ്രസ് കോഡ് ഏകീകൃതവും, വിവേചനരഹിതവും, അച്ചടക്കവും സ്ഥാപനത്തിന്റെ തനിമയും നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കിൽ യൂണിഫോം നിശ്ചയിക്കാനുള്ള പ്രാഥമിക അധികാരം സ്കൂളിനാണെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments