പ്രധാനമന്ത്രിയുടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനം തുടരുന്നു; പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും



താഷ്‌കന്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനില്‍. ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി മോദി താഷ്‌ക്കന്റില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. അടിസ്ഥാനസൗകര്യം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്ടിവിറ്റി, ഊര്‍ജം, വിദ്യാഭ്യാസം, എന്നീ വിഷയങ്ങളാണ് ചര്‍ച്ച. പൊതു വികസന ദര്‍ശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇരു നേതാക്കള്‍ പങ്കുവെക്കും.

സന്ദര്‍ശനത്തിനിടെ, ഉസ്ബെക്കിസ്ഥാനിലെ യോഗ ഫെഡറേഷന്‍ സംഘടിപ്പിച്ച യോഗാ സെഷനില്‍ അദ്ദേഹം പങ്കെടുത്തു. ഉസ്ബെക്കിസ്ഥാനില്‍ യോഗയ്ക്കു വര്‍ധിച്ചുവരുന്ന ജനപ്രീതിയെയും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ അതിനുള്ള പങ്കിനെയും ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി ഉസ്ബെക്കിസ്ഥാനിലെത്തിയത്. മോദിയെ മിര്‍സിയോയേവ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. താഷ്‌കന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മാരകവും മഹാത്മാഗാന്ധി സെന്ററും അദ്ദേഹം സന്ദര്‍ശിക്കും.

നാളെ പ്രധാനമന്ത്രി കിര്‍ഗിസ് റിപ്പബ്ലിക്കിലേക്ക് 26-ാമത് എസ്‌സി ഒ ഉച്ചകോടിക്കായി പോകും. ഉച്ചകോടിക്കിടെ വിവിധ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പങ്കെടുക്കും

Post a Comment

0 Comments