കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. മുസ്‌ലിംനാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോള്‍ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളിക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും കെ.കെ രാഗേഷ് ആവശ്യപ്പെട്ടു.
പാര്‍ട്ടിയില്‍ തികച്ചും മതേതരമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തില്‍ അക്രമിക്കുന്നത് നീചമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ പാര്‍ട്ടി ജനാധിപത്യപരമായ രീതിയില്‍ നടത്തി പാര്‍ട്ടി ബന്ധുക്കളെയും അനുഭാവികളെയും അറിയിച്ചതാണ്. ബഹുജന പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കെകെ രാഗേഷ് പറഞ്ഞു.
ഷംസീറിന്റേത് ലീഗിന്റെ മനസ്സാണെന്നും ചുളുവില്‍ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. സഖാക്കള്‍ ഭരണത്തിലിരുന്ന് സുഖിച്ചതിനാലാണ് മൂന്നാം സര്‍ക്കാര്‍ വരാഞ്ഞതെന്നും നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
'ഒരുപാട് അടിയും ഇടിയുമെല്ലാം കൊണ്ട്, ത്യാഗമനുഭവിച്ച നേതാവാണ് പിണറായി വിജയന്‍. ഈ ഷംസീറിനെ പോലുള്ള കുറച്ചുപേര്‍ ഒരു ത്യാഗവും അനുഭവിച്ചിട്ടില്ല. കിട്ടിയ വള്ളത്തില്‍ കാലെടുത്തുവെച്ച് ചുളുവില്‍ നേതാവായയാളാണ് ഷംസീര്‍. എല്‍ഡിഎഫിന്റെ പരാജയം എന്റെ തലയില്‍ കെട്ടിവെക്കാന്‍ ആരും നോക്കണ്ട. സഖാക്കള്‍ ഭരണത്തില്‍ സുഖിച്ചതുകൊണ്ടാണ് മൂന്നാം സര്‍ക്കാര്‍ വരാതിരുന്നത്. നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമെന്ന് വരുത്തിത്തീര്‍ക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. പിണറായിയെ നേരിട്ട് പറയാന്‍ കഴിയാത്തതിനാലാണ് എന്നെ കാരണക്കാരനാക്കാന്‍ ശ്രമിക്കുന്നത്. ചെയ്യാന്‍ പറ്റുമായിരുന്ന പല കാര്യങ്ങളും പിണറായി ചെയ്തുതന്നിട്ടില്ലെങ്കില്‍ പോലും അദ്ദേഹത്തെ തള്ളിപ്പറയില്ല' -എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍.

0 Comments