'മേയർ കെയർ' സമ്മാനപ്പിരിവ് വന്‍തോതില്‍; ലക്ഷങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് വിതരണം; മേയര്‍ വി.വി രാജേഷിനെതിരെ ഗുരുതരാരോപണം




 തിരുവനന്തപുരം: ഓണാഘോഷത്തിന്റെ പേരില്‍ നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തോതില്‍ സമ്മാനങ്ങളും സംഭാവനകളും സ്വീകരിച്ച സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. എസ്.പി ദീപക്. മാനദണ്ഡങ്ങള്‍ മറികടന്ന് വന്‍കിട ഫ്‌ളാറ്റ് ഉടമകള്‍, മാളുകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് 'മേയര്‍ കെയര്‍' പദ്ധതിയുടെ പേരില്‍ ലോഡ് കണക്കിന് സാധനങ്ങള്‍ സ്വീകരിച്ചത് ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണെന്ന് ദീപക് ആരോപിച്ചു.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന സമ്മാനങ്ങള്‍ ആരില്‍ നിന്നൊക്കെ സ്വീകരിച്ചു, എന്തൊക്കെ ലഭിച്ചു, എവിടെ വിനിയോഗിച്ചു തുടങ്ങിയ വിവരങ്ങള്‍ മേയര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണം.

5,000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് കിറ്റുകള്‍ വാങ്ങിയിട്ട് 250 കുട്ടികള്‍ക്ക് പോലും അവ പൂര്‍ണമായി വിതരണം ചെയ്തിട്ടില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് ഔദ്യോഗിക നിലപാടുകളെ സ്വാധീനിക്കാം. കോര്‍പ്പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ ഓണാഘോഷ സദ്യ പോലും നഗരത്തിലെ ഒരു വന്‍കിട കാറ്ററിംഗ് സ്ഥാപനം സൗജന്യമായി നല്‍കിയതാണ്. സമ്മാനങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നഗരസഭയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും എസ്.പി ദീപക് ആവശ്യപ്പെട്ടു.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന നഗരസഭാ സംവിധാനത്തിന്റെ തലവന്‍ തന്നെ ഇത്തരം സൗജന്യങ്ങളും സമ്മാനങ്ങളും സ്വീകരിക്കുന്നത് കടുത്ത വിരോധാഭാസമാണെന്ന് അഡ്വ. എസ്.പി. ദീപക് കുറ്റപ്പെടുത്തി. 'മേയര്‍ കെയര്‍' പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളിലും സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

Post a Comment

0 Comments