കണ്ണൂര്‍: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുന്ന എം.ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ ജാമ്യംനേടി പുറത്തിറങ്ങി. ഗീതാനന്ദന് പുറമെ ബിനു, രമേശന്‍ കൊയ്യാലിപ്പുര, അനില്‍കുമാര്‍ എന്നിവരാണ് ജയില്‍മോചിതരായത്. 2003ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരനായ അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസിലാണ് ഇവര്‍ക്ക് തടവ് വിധിച്ചത്. കല്‍പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ കഠിനതടവും പിഴയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മരവിപ്പിച്ചിരുന്നു. ശിക്ഷാവിധിയില്‍ പിഴവുണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് നാല് പ്രതികള്‍ക്കും കര്‍ശനവ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
കേസിലെ വിചാരണ ഏകപക്ഷീയമാണെന്നും മുത്തങ്ങയില്‍ കൊല്ലപ്പെട്ട ജോഗിക്ക് നീതി കിട്ടിയിട്ടില്ലെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദന്‍ പ്രതികരിച്ചു. ഇനി രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കും. മുത്തങ്ങയിലെ ഭൂരഹിതര്‍ക്ക് ഭൂമി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

0 Comments