പാലക്കാട് ഡിവിഷന്‍ വിഭജനം: അടിയന്തര റിപ്പോര്‍ട്ട് തേടി കേന്ദ്ര റെയില്‍വേ മന്ത്രി

 



ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് തേടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് സൂചന. നീക്കം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഡിവിഷന്‍ വിഭജനത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കെസി വേണുഗോപാല്‍ മന്ത്രിയെ അറിയിച്ചു.

മംഗലാപുരം സ്റ്റേഷനെ പാലക്കാട് ഡിവിഷനില്‍ നിന്ന് മൈസൂരിലേക്ക് മാറ്റാനായിരുന്നു തീരുമാനം. വിഭജനത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയക്കുകയും ചെയ്തിരുന്നു. കേന്ദ്രനടപടി കേരളത്തോട് കാട്ടുന്ന കടുത്ത അനീതിയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളിലൊന്നായ പാലക്കാട് ഡിവിഷന്‍ സംരക്ഷിക്കപ്പെടണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

റെയില്‍വേ ബോര്‍ഡ് ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപിയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. പുതിയ നീക്കം കേരളത്തിന്റെ സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുത്തും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം കേരളത്തിലെ റെയില്‍ ഉപഭോക്താക്കളുടെ താത്പര്യം അവഗണിക്കുന്നതിന് തുല്യമാണെന്നും കത്തില്‍ കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്‍ മാറ്റം ദയാവധത്തിന് മുന്നോടിയായുള്ള നടപടിയെന്നാണ് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്. മംഗലാപുരത്തെ മൈസൂരു ഡിവിഷനിലേക്ക് ചേര്‍ക്കാനുള്ള തീരുമാനം യുക്തിരഹിതവും രാഷ്ട്രീയ അവഗണനയുമാണ്. കേരളത്തിനായി ഒരു സോണ്‍ വേണമെന്ന ആവശ്യം നിരവധി തവണ ഉന്നയിച്ചിരുന്നു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലും പാലക്കാടും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെപിസിസി ഉടന്‍ ശക്തമായ സമരം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Post a Comment

0 Comments