ഹോർമുസിൽ യുഎഇ കപ്പലുകൾക്ക്​ നേരെ ആക്രമണം; ആർക്കും പരിക്കില്ല



അബൂദബി: ഹോർമുസ്​ കടലിടുക്കിൽ രണ്ട്​ യുഎഇ കപ്പലുകൾക്ക്​ നേരെ ആക്രമണം. ഇറാൻ നടത്തിയ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ​​ഹോർമുസ്​ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ ആക്രമണമുണ്ടായത്​. രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി അബൂദബി എണ്ണകമ്പനിയായ 'അഡ്നോക്’ സ്ഥിരീകരിച്ചു. കപ്പലാക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

ഹോർമുസ്​ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അതീവ ദുഷ്കരമായി തുടരുന്നതിനിടെയാണ്​ യുഎഇ കപ്പലുകൾക്ക്​ നേരെ ആക്രമണം ഉണ്ടായത്​. ഹോർമുസിന്‍റെ നിയന്ത്രണം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ അവകാശപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി 28ന്​ യുദ്ധം തുടങ്ങിയ ശേഷം ഹോർമുസിൽ വെച്ച്​ ആക്രമിക്കപ്പെട്ട അഡ്​നോകിന്‍റെ കപ്പലുകളുടെ എണ്ണം 17 ആയി.

2026 ആഗസ്റ്റ്​ ഏഴ്​ വരെ 15 കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നതായി അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്​നോക്​) സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണങ്ങളിൽ ഒരാൾ മരണപ്പെടുകയും 20 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. മിസൈലുകളും ​ഡ്രോണുകളും ഉപയോഗിച്ചാണ്​ ആക്രമണം നടന്നത്​. ആഗസ്റ്റ്​ ആദ്യം മാത്രം മൂന്ന്​ കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ മാസം അഡ്​നോകിന്‍റെ അഞ്ച്​ കപ്പലുകളാണ്​ ഹോർമുസിൽ വെച്ച്​ ആക്രമിക്കപ്പെട്ടത്​.

Post a Comment

0 Comments