ഡൽഹിയിൽ 26കാരൻ്റെ അടിവയറ്റിൽ ഗർഭപാത്രവും ഫെലോപ്പിയൻ ട്യൂബുകളും!

 



ഡൽഹി: വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26-കാരന്റെ ശരീരത്തിൽ ഗർഭപാത്രവും ഫെലോപ്പിയൻ ട്യൂബുകളും കണ്ടെത്തി. ഡൽഹിയിലെ രജൗരി ഗാർഡനിലുള്ള ആർ.ജി ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിലാണ് അപൂർവ്വവും അസാധാരണവുമായ കണ്ടെത്തൽ.

വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും കുട്ടികളുണ്ടാകാതിരുന്നതിനെ തുടർന്ന് ദമ്പതികൾ ഡോക്ടറെ സമീപിക്കുകയായിരുന്നു. ഭാര്യയുടെ പരിശോധനാ ഫലങ്ങൾ സാധാരണ നിലയിലായതിനെ തുടർന്ന് ഭർത്താവിനെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. യുവാവിൻ്റെ ബീജത്തിൽ പ്രജനനശേഷിയുള്ള കോശങ്ങൾ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ അൾട്രാസൗണ്ട്, എംആർഐ (MRI) സ്‌കാനിങ്ങുകളിലാണ് അടിവയറിനുള്ളിൽ വളർച്ചയെത്തിയ ഗർഭപാത്രവും ഫെലോപ്പിയൻ ട്യൂബും കണ്ടെത്തിയത്.

പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം' (PMDS) എന്ന ജന്മനാ ഉള്ള അവസ്ഥയാണിതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ യുറോളജിസ്റ്റും വന്ധ്യതാ വിദഗ്ധനുമായ ഡോ. സുശീൽ ഖർബന്ദ വ്യക്തമാക്കി. പുരുഷന്മാരിൽ സാധാരണയായി കാണപ്പെടുന്ന ശാരീരിക വളർച്ചയും 46 XY ക്രോമസോം ഘടനയും തന്നെയാണ് ഇയാൾക്കുള്ളത്. എന്നാൽ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ സ്ത്രീ ലൈംഗിക അവയവങ്ങളുടെ വളർച്ച തടയുന്ന ആന്റി-മുള്ളേറിയൻ ഹോർമോണിന്റെ (AMH) കുറവോ പ്രവർത്തന വൈകല്യമോ കാരണമാണ് ഇത്തരം അവസ്ഥയുണ്ടാകുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി.

വയറിനുള്ളിൽ കാണപ്പെട്ട വൈകല്യമുള്ള കോശങ്ങൾ കാൻസറിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. പരിശോധനയിൽ ഒരു വൃഷണത്തിൽ കാൻസറിന് മുന്നോടിയായുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കൃത്യസമയത്ത് ഇത് കണ്ടെത്താനായത് വലിയ അപകടം ഒഴിവാക്കി.

കുട്ടികളിൽ വൃഷണങ്ങൾ സാധാരണ സ്ഥാനത്തേക്ക് ഇറങ്ങിയിട്ടില്ലെങ്കിൽ മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ വിദഗ്ധ ചികിത്സ തേടണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments