'ഇഡി നീക്കം രാഷ്ട്രീയ പ്രേരിതം; പിണറായിക്ക് മകൾ മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ല': ടി.കെ ഗോവിന്ദൻ

 


തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി നീക്കത്തിൽ പിണറായി വിജയനെ പിന്തുണച്ച് ടി.കെ ഗോവിന്ദൻ എംഎൽഎ. പിണറായി വിജയനെതിരായ ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിക്ക് മകൾ മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന് 100 കോടി വരെ കൊടുക്കാൻ ആളുണ്ടെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ ആയുധമാണ് ഇഡിയെന്നും നിലവാരം ഇല്ലാത്ത ഏജൻസി ആണെന്നും ബിജെപിക്ക് ആളെ ചേർക്കുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കെതിരെ അന്വേഷിച്ചോട്ടെ കുറ്റമുണ്ടെങ്കിൽ ശിക്ഷിക്കട്ടെ, പക്ഷേ ഇഡി പറയുന്നത് വിശ്വസിക്കാൻ അന്നം തിന്നുന്നവർക്ക് സാധിക്കില്ലെന്നും റിപ്പോർട്ട് സർക്കാരിന് കൈമാറിയത് ചില ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്ററി വ്യാമോഹം സിപിഎമ്മിനെ അടിമുടി ബാധിച്ച രോഗമാണ്. പാർട്ടി നേതൃത്വത്തിനാണ് വ്യാമോഹം. പിണറായിയുടേത് വ്യാമോഹമല്ല. പാർട്ടി നേതൃത്വത്തിൽ അണികൾക്ക് കടുത്ത അവിശ്വാസം രൂപപ്പെട്ടു. നേതൃത്വം ഇത് തിരിച്ചറിയാത്തിടത്തോളം ഒരു തെറ്റ് തിരുത്തലും സാധ്യമല്ലെന്നും എംഎൽഎ പറഞ്ഞു.

സിപിഐ പലപ്പോഴും എടുക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നും കുഴിയിൽ വീണതിന്റെ മുകളിൽ കല്ലെടുത്തിടുന്ന സമീപനമാണ് സിപിഐയുടെതെന്നും ഒരു കക്ഷി അപകടത്തിൽ പെടുമ്പോൾ ഘടക കക്ഷികൾ യോജിച്ച് നിൽക്കണം അല്ലാതെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയപരമാണെന്ന് പറയാനാവില്ലെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ പ്രതികരണം.

Post a Comment

0 Comments