കായികമേളയെ തകർക്കാൻ ബോധപൂർവമായ നീക്കം, പിന്നിലുള്ളവരെ കണ്ടെത്തണം: മന്ത്രി എൻ.ഷംസുദ്ദീൻ

 



കോഴിക്കോട്: കായികമേളയെ മോശമാക്കാന്‍ ചിലയാളുകള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍. പുഴുവിനെ കണ്ടെന്ന് വരെ ചിലര്‍ പറഞ്ഞുപരത്തിയെന്നും പരിശോധിച്ച ആരും പുഴുവിനെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേളകള്‍ മോശമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും, പിന്നിലുള്ള ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മേളയെ മോശമായി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങളടക്കം ശ്രമിക്കുന്നുണ്ട്. ഇതൊരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല. പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെങ്കിലും അവരെ കണ്ടെത്തേണ്ടതുണ്ട്. എറണാകുളം ജില്ലയില്‍ നിന്നുള്ള അധ്യാപകന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി വിവരം കിട്ടിയിട്ടുണ്ട്. പുഴുവിനെ കണ്ടെത്തിയതായും ചിലര്‍ പ്രചാരണം നടത്തുകയുണ്ടായി. അന്വേഷിച്ച് ചെന്നപ്പോള്‍ പേപ്പറിന്റെ മേലെയാണ് പുഴുവിനെ കണ്ടതെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി

പ്രായതട്ടിപ്പ് പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധ്യാപകര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം കോരുത്തോട് സ്‌കൂളിലെ കുട്ടി പ്രായം തിരുത്തി മത്സരത്തില്‍ പങ്കെടുത്തത് ഇന്ന് സ്ഥിരീകരിച്ചിരുന്നു. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയര്‍ 400 മീറ്ററില്‍ കുട്ടി സ്വര്‍ണം നേടിയിരുന്നു. സബ് ജൂനിയര്‍ 100 മീറ്ററില്‍ മത്സരിക്കാന്‍ ഇരിക്കെയാണ് പരിശോധനാഫലം പുറത്തുവന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ല് പരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

Post a Comment

0 Comments