'ഫാന്‍ ബോയ് ഡാ...!' ''ജയിലര്‍ 2' കാണാന്‍ തിയറ്റര്‍ മുഴുവനായി ബുക്ക് ചെയ്ത് സഞ്ജു സാംസണ്‍

 



ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് നായകനായെത്തിയ പുതിയ ചിത്രം 'ജയിലര്‍ 2' കാണാന്‍ തിയറ്റര്‍ മുഴുവനായി ബുക്ക് ചെയ്ത് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കുമൊപ്പമാണ് സഞ്ജു സിനിമ കണ്ടത്.

ഈ മാസം 15ന് റിലീസ് ചെയ്ത ചിത്രം 16നാണ് ബംഗളൂരുവിലെ തീയറ്ററില്‍ സഞ്ജു കണ്ടത്. 'എനിക്ക് രജനി സാറിന്റെ സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി ഞാന്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. അദ്ദേഹത്തിന്റെ പരമാവധി സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഞാന്‍ ഒരു ദിവസം വൈകിയാണ് സിനിമ കണ്ടത്. റിലീസ് ദിവസം ഡല്‍ഹിയില്‍ ഞങ്ങള്‍ക്ക് ഒരു പരിപാടി ഉണ്ടായിരുന്നതിനാലാണ് എനിക്ക് ചിത്രം കാണാന്‍ സാധിക്കാതെ പോയത്.' -സഞ്ജു പറഞ്ഞു.

രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധന സഞ്ജു പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ഏഴാംവയസ് മുതല്‍ രജിനി ഫാനാണ്. അദ്ദേഹത്തെ കാണുക വലിയ ആഗ്രഹമായിരുന്നുവെന്നും സഞ്ജു പറഞ്ഞിരുന്നു. 2023ല്‍ രജിനിയെ വീട്ടിലെത്തി കണ്ടപ്പോള്‍ സഞ്ജു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്തിയ ജയിലര്‍ 2 വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. സംവിധായകന്‍ നെല്‍സണ്‍ ഒരുക്കിയ ജയിലറിന്റെ ആദ്യഭാഗം വന്‍ ഹിറ്റായിരുന്നു. അതേ ഹൈപ്പോടുകൂടിയാണ് ജയിലര്‍ 2 തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, ശിവ്രാജ് കുമാര്‍, എസ്.ജെ സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങി വന്‍ താരനിരയാണ് ജയിലറില്‍ അണിനിരന്നത്.

Post a Comment

0 Comments