ഇടുക്കി: മുൻ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്.രാജേന്ദ്രൻ ആർഎസ്എസ് ഗണവേഷമണിഞ്ഞ് വിജയദശമി പരിപാടിയിൽ പങ്കെടുത്തു. മൂന്നാറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ആർഎസ്എസ് വേഷത്തിലെത്തിയത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആർഎസ്എസ് മുഖപത്രമായ 'കേസരി' വാരികയുടെ പ്രചാരണ ഉദ്ഘാടനവും എസ്.രാജേന്ദ്രൻ നിർവഹിച്ചു.
ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് മൂന്നുതവണ സിപിഎം ടിക്കറ്റിൽ എംഎൽഎ ആയ മുതിർന്ന നേതാവാണ് രാജേന്ദ്രൻ. ദീർഘകാലം സിപിഎമ്മിന്റെ സജീവ നേതാവായിരുന്ന രാജേന്ദ്രൻ പിന്നീട് പാർട്ടി നേതൃത്വവുമായി അകലുകയും ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുകയും ചെയ്തു. വർഷങ്ങളോളം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി നിന്ന നേതാവ് പൂർണ ഗണവേഷത്തിൽ ആർഎസ്എസ് വേദിയിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

0 Comments