തിരുവനന്തപുരം : ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളിലേക്ക് വനിതാ കേഡറുകളെ ഉൾപ്പെടുത്തുന്നത് സൈന്യം പരിഗണിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ സേനാ വിഭാഗങ്ങളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ ചില ബറ്റാലിയനുകളിലേക്ക് മാത്രമായിരിക്കും സ്ത്രീകളെ പരിഗണിക്കുക. പിന്നീട് കൂടുതൽ ബറ്റാലിയനിലേക്ക് ദീർഘിപ്പിക്കാനുമാണ് പദ്ധതിയെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സായുധ സേനയിലെ 'നാരി ശക്തി' വർധിപ്പിക്കുക എന്ന കേന്ദ്ര സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായാണ് തീരുമാനം. സേനാ വിഭാഗങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ഒരു പ്രക്രിയയാണെന്നും ഇക്കാര്യം നിരന്തരം പരിശോധിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ 2022 ൽ രാജ്യ സഭയിൽ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
നിലവിൽ, ഇന്ത്യൻ കരസേനയുടെ കോർപ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ്, കോർപ്‌സ് ഓഫ് സിഗ്‌നൽസ്, ആർമി എയർ ഡിഫൻസ്, ആർമി സർവീസ് കോർപ്‌സ്, ആർമി ഓർഡനൻസ് കോർപ്‌സ്, കോർപ്‌സ് ഓഫ് ഇലക്ട്രോണിക്സ‌് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ്, ആർമി ഏവിയേഷൻ കോർപ്‌സ്, ഇൻ്റലിജൻസ് കോർപ്‌സ്, ജഡ്‌ജി അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച്, ആർമി എഡ്യൂക്കേഷൻ കോർപ്‌സ്, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് എന്നിവയിലാണ് വനിതകൾക്ക് അവസരമുള്ളത്. ഇന്ത്യയുടെ ഒരു ഭാഗിക സമയ, സന്നദ്ധ സൈനിക സേന എന്ന നിലയിലാണ് ടെറിട്ടോറിയൽ ആർമി പ്രവർത്തിക്കുന്നത്. സൈന്യത്തിൻ്റെ രണ്ടാം നിര പ്രതിരോധ സംവിധാനമായി വിലയുരുത്തന്ന ടെറിടോറിയൽ ആർമിയിൽ പ്രാഥമിക തൊഴിൽ ഉള്ള സാധാരണ പൗരന്മാർക്ക് സൈനിക പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സാധാരണ സൈന്യത്തെ സഹായിക്കുക, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യുക, അല്ലെങ്കിൽ സാധാരണ സൈന്യത്തിന് അധിക യൂണിറ്റുകൾ നൽകുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

0 Comments