'വെള്ളാപ്പള്ളി മതനിരപേക്ഷവാദി'; എം.വി ഗോവിന്ദൻ

 



തിരുവനന്തപുരം: വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുമ്പോഴും വെള്ളാപ്പള്ളി നടേശൻ മതനിരപേക്ഷവാദിയെന്ന നിലപാടിലുറച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മതനിരപേക്ഷവാദികളെ വർഗീയവാദികളായി ചിത്രീകരിക്കരുതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. മതത്തിന്റെ പേരുപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് വർഗീയതയെന്ന് ഗോവിന്ദൻ നിർവചിച്ചു.

സമൂഹത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയാൻ പറ്റാത്ത രൂപത്തിൽ ഭിന്നിപ്പുണ്ടാകുന്ന എല്ലാവരും വർഗീയവാദികൾ ആണെങ്കിൽ ഒന്നാമത്തെ പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും മുന്നണിയിൽ എടുത്തിട്ടുള്ള വി.ഡി സതീഷനും കുഞ്ഞാലിക്കുട്ടിക്കും വർഗീയതയെ കുറിച്ച് പറയാൻ എന്ത് അവകാശമാണ് ഉള്ളതെന്നും ഗോവിന്ദൻ ചോദിച്ചു.

എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും ഗോവിന്ദൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന് ശേഷം ഭൂരിഭാഗം മാധ്യമങ്ങളും ഒരു തുടർ ഭരണമുണ്ടാകില്ലെന്ന് പ്രവചിച്ചെങ്കിലും അതിനെയൊക്കെ മറികടന്നു കൊണ്ടാണ് രണ്ടാം ഭരണം വന്നതെന്നും അത് ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Post a Comment

0 Comments