ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്ന് ആഴ്ച്ച മാത്രം ബാക്കി നിൽക്കെ ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിലവിലെ മത്സരക്രമപ്രകാരം ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലാണ് ഫെബ്രുവരി 7ന് വെസ്റ്റ് ഇൻഡീസിനെതിരെയും, ഫെബ്രുവരി 9ന് ഇറ്റലിയെതിരെയും, ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെതിരെയും. തുടർന്ന് ഫെബ്രുവരി 17ന് നേപ്പാളിനെതിരെ മുംബൈയിലാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.ലോകകപ്പ് വേദികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനുമായും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായു ബിസിസിഐ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ചെപ്പോക്ക് ഇതിനോടകം തന്നെ ഏഴ് മത്സരങ്ങളുടെ വേദിയാണ്.
ബിസിസിഐ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന്, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സുരക്ഷാ ആശങ്കകൾ അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് രണ്ട് തവണ കത്തെഴുതി. വേദി മാറ്റണമെന്നായിരുന്നു ആവശ്യം. ഫെബ്രുവരി ഏഴിന് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനുള്ള ബംഗ്ലാദേശിന്റെ അഭ്യർത്ഥന ഐസിസി അംഗീകരിക്കാൻ സാധ്യതയില്ല. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മത്സരങ്ങൾ മാറ്റുന്നത് വലിയ വെല്ലുവിളിയാണ്.
0 Comments