കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിൽ കരാർ നിയമനം നേടിയ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തൊഴിൽ നേടുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനമാണിത്. ഉദ്യോഗാർഥികളെ സർക്കാർ വഞ്ചിച്ചു. 900 ആളുകളെ സ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ടെക്നിക്കൽ അസിസ്റ്റന്റുമാർ എളമരം കരീമിന് നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ടെന്നും സ്ഥിരപ്പെടുത്തുന്നവരിൽ ഭൂരിഭാഗവും എൽഡിഎഫുമായി ബന്ധപ്പെട്ടവരാണെന്നും ഫിറോസ് ആരോപിച്ചു.
ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നത് മാനദണ്ഡമാക്കിയാണ് നിയമനം നടത്താൻ ശ്രമിക്കുന്നത്. പാർട്ടി നിയമനമാണ് നടക്കുന്നത്. പിൻവാതിൽ നിയമനം അംഗീകരിക്കില്ല. നിയമന നീക്കം ഉപേക്ഷിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല.തദ്ദേശതെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. ആവശ്യപ്പെടാതെ തന്നെ യുവാക്കളെ പരിഗണിക്കുമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും പി.കെ ഫിറോസ് പറഞ്ഞു.

0 Comments