വയനാട്: വയനാട് മെഡിക്കൽ കോളജിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വൃഷണത്തിന് പരിക്കേറ്റ സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴചയെന്ന് ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ട്. ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. എൻ.എസ് ഗിരീഷ് എന്നയാൾക്ക് ശസ്ത്രക്രിയക്കിടെ വൃഷണത്തിന് പരിക്കേറ്റ വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.
വയനാട് മെഡിക്കൽ കോളജ് സർജൻ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെയായിരുന്നു കേസ്. എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി വയനാട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ വൃഷണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച് എടുക്കാനെത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടർ ഗിരീഷിനെ അറിയിക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്റെ പ്രവർത്തനം നിലച്ചതായി കണ്ടെത്തുകയും വൃഷണം നീക്കം ചെയ്യുകയുമായിരുന്നു.
മെഡിക്കൽ റിപ്പോർട്ടിൽ ടോർഷൻ എന്ന വാക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഗിരീഷ് അറിയിക്കുന്നത്. വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ചു എന്നാണ് ഇതിനർഥം. സ്‌കാനിങ്ങിൽ ടോർഷൻ സംഭവിച്ചത് വ്യക്തമായിട്ടും മരുന്ന് കഴിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ അറിയിച്ചിരുന്നെങ്കിൽ വിദഗ്ധ ചികിത്സ തേടാമായിരുന്നുവെന്നും തന്റെ ജീവൻ വരെ അപകടത്തിലാക്കുകയും അവയവം നഷ്ടപ്പെടുത്തുകയും ചെയ്തതിനാലാണ് നിയമ നടപടിയെന്നും ഗിരീഷ് വ്യക്തമാക്കിയിരുന്നു. സ്റ്റിച്ച് എടുക്കാൻ ചെന്ന ദിവസം വൃഷണത്തിൽ നീർക്കെട്ട് കണ്ടതിനെ തുടർന്ന് മറ്റൊരു ഡോക്ടറാണ് സ്‌കാനിങ്ങിന് നിർദേശിക്കുന്നത്.
ടോർഷൻ സംഭവിച്ചാൽ ആറ് മണിക്കൂർ മാത്രമേ സാധാരണ ഗതിയിൽ രോഗി ജീവിക്കാനിടയുള്ളൂ. എന്നാൽ ടോർഷൻ സംഭവിച്ചത് പോലും ഡോക്ടർ മറച്ചു വച്ചത് ഗുരുതര വീഴ്ചയാണെന്ന് ഗിരീഷ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ കഴിയുന്നതിനിടെ ഒരിക്കൽ പോലും ഡോ.ജുബേഷ് തന്നെ പരിശോധിക്കാൻ എത്തിയിട്ടില്ലെന്നും അസഹ്യമായ വേദനയുണ്ടായിരുന്ന കാര്യം പറയാൻ പോലും തനിക്കായില്ലെന്നും ഗിരീഷ് ചൂണ്ടിക്കാട്ടിയിരുന്നു.

0 Comments