നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകും; പി വി അൻവർ



നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകുമെന്ന് പി വി അൻവർ. ഇത് അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

‘ഞാൻ ഒറ്റക്കല്ല നിയമസഭയിലേക്ക് പോകുക. നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യാൻ പോകുക. ഇത് ഞങ്ങൾ ചർച്ച ചെയ്തു കഴിഞ്ഞു. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. അമിതമായ ആത്മവിശ്വാസമല്ല. അത് ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ. റിസൾട്ട് വന്നതിന്റെ പിറ്റേദിവസം പോരാട്ടത്തിന് ആരംഭം കുറിക്കും’, അദ്ദേഹം പറഞ്ഞു.

ഇന്ന് വോട്ടുചെയ്യുന്ന വോട്ടർ നാളെ രാവിലെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നാട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു.

Post a Comment

0 Comments