തിരുവനന്തപുരം മ്യൂസിയത്തില്‍ എത്തുന്നവര്‍ക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട. നായ്ക്കളെ പിടികൂടാന്‍ കോര്‍പ്പറേഷന്‍ നടപടികള്‍
ആരംഭിച്ചു. കഴിഞ്ഞദിവസം അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തെരുവുനായ ശല്യം പരിഹരിക്കാന്‍ കോര്‍പ്പറേഷനും മൃഗശാല അധികൃതരും ഇടപെട്ടത്.
കഴിഞ്ഞദിവസം മ്യൂസിയത്തില്‍ പ്രഭാതനടത്തത്തിനെത്തിയ അഞ്ചുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. മ്യൂസിയം വളപ്പിലെ നായ്ക്കള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നാലെ കോര്‍പ്പറേഷന്‍ അടിയന്തര നടപടികളുമായി രംഗത്തെത്തുകയായിരുന്നു. ഇന്നലെത്തന്നെ മ്യൂസിയത്തില്‍ നായ്ക്കളെ പിടികൂടാന്‍ നടപടി ആരംഭിച്ചു. അഞ്ചു നായ്ക്കളെ പിടികൂടി. ഇന്ന് രാവിലെ ബാക്കി നായ്ക്കളെയും പിടികൂടാനുളള ശ്രമത്തിലാണ്.
മ്യൂസിയത്തിലെ നായ്ക്കളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ പതിവു നടത്തക്കാരിലും ഭയമകന്നു തുടങ്ങി. എന്നാല്‍, ചിലരിലിപ്പോഴും ഭയം മാറിയിട്ടില്ല. മ്യൂസിയത്തിലെ മാത്രമല്ല കോര്‍പ്പറേഷനിലെ ആകെ തെരുവുനായ ശല്യം ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പിടികൂടിയ നായ്ക്കളെ പേട്ടയിലെ എബിസി സെന്ററിലേക്കാണ് മാറ്റുന്നത്. മ്യൂസിയത്തില്‍ എത്തുന്നവര്‍ നായ്ക്കള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് മൃഗശാല അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
0 Comments