മുംബൈ: ബാരാമതിയില്‍ അജിത് പവാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ വന്‍ മോഷണം. 15 പേരില്‍ നിന്നായി 30 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്.
അപകടത്തിന്റെ പിറ്റേന്നായിരുന്നു സംസ്ഥാന ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം. ഈ അവസരത്തിലാണ് മോഷ്ടാക്കൾ സ്വർണമാലകൾ കവർന്നത്.
അതേസമയം മോഷണശ്രമത്തിനിടെ ചിലരെ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. സംസ്കാര ചടങ്ങുകള്‍ നിയന്ത്രിക്കാന്‍ 8,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ബാരാമതിയിൽ വിന്യസിച്ചിരുന്നത്. ഇത്രയും വലിയ പൊലീസ് സാന്നിധ്യമുണ്ടായിട്ടും വന്‍ മോഷണം നടന്നത് പൊലീസിനും നാണക്കേടായി.
ബാരാമതി താലൂക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, മക്കളായ പാർത്ഥ്, ജയ് എന്നിവരാണ് നേതൃത്വം നൽകിയിരുന്നത്.
ബുധനാഴ്ച രാവിലെ 8.45ന് മുംബൈ ബാരാമതി വിമാനത്താവളത്തിന് സമീപമായിരുന്നു അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം. എട്ട് മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിനുശേഷം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അജിത് പവാറും അംഗരക്ഷകരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടിരുന്നു.

0 Comments