“അന്ന് വീൽചെയറിനെ കളിയാക്കിയവർ എവിടെ?”; വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

ആരോഗ്യ മന്ത്രി വീണാ ജോർജിന് കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ രൂക്ഷമായ പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി. മുൻപ് തനിക്ക് മർദനമേറ്റപ്പോൾ പരിഹസിച്ചവർ ഇപ്പോൾ മന്ത്രിയുടെ കാര്യത്തിൽ വികാരഭരിതരാകുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂക്കിന് മർദനമേറ്റാൽ വീൽചെയറിൽ പോകണമോ, നടന്നുപോയാൽ ഐ.സി.യുവിൽ കയറ്റുമോ എന്നെല്ലാം ചോദിച്ചവർ ഇപ്പോൾ എവിടെയാണെന്ന് ഷാഫി ചോദിച്ചു. പേരാമ്പ്രയിൽ തനിക്ക് പരിക്കേറ്റപ്പോൾ പരിഹസിച്ചവർ ഇപ്പോൾ മന്ത്രിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മന്ത്രിയെ ആക്രമിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല. കഴുത്തും കയ്യും പിടിച്ച് തിരിച്ചു എന്നൊക്കെയുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനകൾ അണികളെ ഇളക്കിവിടാനാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യരംഗത്തെ ഗുരുതരമായ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം ആക്രമണ നാടകങ്ങൾ സർക്കാർ നടത്തുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ചെടിച്ചട്ടികൊണ്ട് തല അടിച്ചുപൊളിച്ചപ്പോൾ അത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, കരിങ്കൊടി കാണിക്കുന്നത് വധശ്രമമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും ഷാഫി കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതിഷേധം ബാലറ്റിലൂടെ പ്രതിഫലിക്കുമെന്നും സർക്കാരിനെ കഴുത്തിന് പിടിച്ച് പുറത്താക്കുന്ന കാലം വരുമെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Post a Comment

0 Comments