ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് രണ്ടാമത്തെ വിമാനത്താവളം നിർമിക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല സമീപനം ലഭിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ . വിമാനത്താവള പദ്ധതിക്ക് സംസ്ഥാനത്ത് നിന്ന് സാധ്യതാ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന് ആവശ്യമായ എല്ലാ അനുമതികളും കേന്ദ്രം നൽകുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു ഉറപ്പുനൽകിയതായി ശിവകുമാർ അറിയിച്ചു.
ഡൽഹിയിലെത്തിയ ശിവകുമാർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയെ നേരിൽ കാണുകയും പദ്ധതി വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. നിർദിഷ്ട പദ്ധതിക്കായി സംസ്ഥാന സർക്കാർ നിർദേശിച്ച മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നും അവയിൽ ഓരോന്നിനും അവരുടെ നിരീക്ഷണങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
രണ്ടാം വിമാനത്താവളത്തിൻ്റെ സാമ്പത്തിക സാധ്യതയും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത് ഓരോ സ്ഥലത്തിന്റെയും വിശദമായ സാധ്യതാ പഠനം നടത്തുന്നതിന് ഒരു കൺസൾട്ടൻസി സ്ഥാപനത്തെ തെരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ ബിഡ്ഡുകൾ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ പ്രക്രിയ അവസാന ഘട്ടത്തിലാണ്ടെന്ന് ഡികെ ശിവകുകാർ വ്യക്തമാക്കി

0 Comments