തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിൻവലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ ഉറപ്പ് നൽകിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിർത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഒരാഴ്ചയ്ക്കകം ഉറപ്പു നൽകിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.

0 Comments