തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ പതിപ്പിച്ചിരുന്ന സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പിആർഡി (പബ്ലിക് റിലേഷൻസ് വകുപ്പ്) നൽകിയ പരസ്യങ്ങളാണ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഇപ്പോൾ മാറ്റുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോർഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് പെരുമാറ്റച്ചട്ടം.
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജനം അടക്കമുള്ള വിവിധ ജനക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതായിരുന്നു ഈ പരസ്യങ്ങൾ. മൂവായിരത്തിലധികം കെഎസ്ആർടിസി ബസുകളിലായി ഒരു മാസത്തേക്കാണ് പരസ്യം നൽകിയിരുന്നത്. പരസ്യ കരാർ മാർച്ച് 10ന് അവസാനിച്ചതായും, ഇനി പരസ്യം തുടരേണ്ടതില്ലെന്ന് കെഎസ്ആർടിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും പിആർഡി വിശദീകരിച്ചു.
ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാത്തതിനെതിരെ കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ ശക്തമായ പരാതി ഉന്നയിച്ചിരുന്നു. കെപിസിസി സെക്രട്ടറി എം.കെ. റഹ്മാൻ ആണ് പൊതുസ്ഥലങ്ങളിലെ പരസ്യബോർഡുകൾ നീക്കുന്നതിലെ കാലതാമസം യോഗത്തിൽ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഈ നീക്കത്തെ ഭരണപക്ഷ നേതാക്കൾ പ്രതിരോധിച്ചു. ബസുകളിലെ സംസ്ഥാന സർക്കാരിന്റെ പരസ്യം മാറ്റുകയാണെങ്കിൽ ട്രെയിനുകളിൽ പതിപ്പിച്ചിട്ടുള്ള കേന്ദ്ര സർക്കാർ പരസ്യങ്ങളും മാറ്റാൻ നടപടിയുണ്ടാകുമോ എന്ന് സിപിഎം പ്രതിനിധി എ.എ. റഹീം ചോദിച്ചു. സർക്കാരിന്റെ പരസ്യങ്ങളിൽ നൽകിയിരിക്കുന്നത് വസ്തുതകൾ മാത്രമാണെന്നായിരുന്നു സിപിഐ പ്രതിനിധി ജോർജ് തോമസിന്റെ പ്രതികരണം. അതേസമയം, കെഎസ്ആർടിസി പരസ്യ വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ പ്രത്യേകം മറുപടിയൊന്നും നൽകിയില്ല.

0 Comments