ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകിയത് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ

 

ആറന്മുള: ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകിയത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബം. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ആരോഗ്യമന്ത്രി വീണ ജോർജാണ് ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്നും, ആരോഗ്യ വകുപ്പിനെതിരെയുള്ള ഇവരുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി നൽകിയ പണം സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ സമരമുഖങ്ങളിൽ ശക്തമായ നേതൃത്വം നൽകിയ വ്യക്തിയായതിനാൽ വോട്ടർമാർക്ക് പരിചിത മുഖമാണ് അബിൻ. അത് വീണയ്ക്കെതിരെയുള്ള മത്സരത്തിൽ ഗുണമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസിന്‍റെ തട്ടകമായിരുന്ന ആറന്മുളയിൽ ശിവദാസൻ നായരെ പരാജയപ്പെടുത്തിയാണ് വീണ ജോർജ് ജയിച്ചത്. ആരോഗ്യ വകുപ്പിനെതിരെയുള്ള ആരോപണങ്ങൾ വീണക്ക് ഇത്തവണ തിരിച്ചടിയാകുമെന്നും മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ. ബിജെപിയുടെ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനാണ് ആറന്മുളയിലെ ബിജെപി സ്ഥാനാർത്ഥി. ശക്തമായ മത്സരത്തിനായിരിക്കും ആറന്മുള ഇത്തവണ സാക്ഷിയാകുക.

2021 മേയ് 12ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർ‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നു വച്ചത്. ഇത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ സ്വകാര്യ ആശുപത്രി അധികൃതരും കെ സി വേണുഗോപാൽ എംപിയും ചേർന്ന് സൗജന്യമായാണ് നടത്തിയത്. ശേഷം വീട്ടിൽ വിശ്രമത്തിലാണ് ഉഷ. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കോവിഡ് സമയത്താണ് ഉഷ ആശുപത്രിയിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്കുശേഷം വയറുവേദന അനുഭവപ്പെടുമ്പോള്‍ അടുത്തുള്ള ആശുപത്രിയിൽ പോയി ചികിത്സ തേടുകയായിരുന്നു. പല മരുന്നുകളും കഴിച്ചു. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചു. മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങിതിനെ തുടര്‍ന്ന് സ്വകാര്യ ലാബിൽ നിന്ന് എക്സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്.



Post a Comment

0 Comments