കണ്ണൂർ:രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി നമ്മുടെ സംസ്ഥാനത്തിന് നേടാനായെങ്കിലും അഴിമതിരഹിത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി നിർമിച്ച സിറ്റി പോലീസ് ആസ്ഥാനമുൾപ്പെടെ സംസ്ഥാനത്തെ വിവിധ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജിലൻസിന് കരുത്തുറ്റ സംവിധാനം ആവശ്യമാണ്. സുതാര്യമായ ഭരണനിർവഹണം ഉറപ്പാക്കുന്നതിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വഹിച്ചുവരുന്ന പങ്ക് വളരെ വലുതാണ്. മികച്ച പ്രവർത്തനങ്ങൾക്കായി സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളെല്ലാം പൊതുജനങ്ങൾക്കും കൂടി ഉപകാരപ്രദമായ നിലയിൽ ഉപയോഗിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനായി. വിമർശനങ്ങളെ അതിജീവിച്ച് പ്രൊഫഷണൽ മികവ് നിലനിർത്തുന്ന സേനയാണ് കേരള പോലീസെന്ന് സ്പീക്കർ പറഞ്ഞു. തെളിയിക്കാൻ സാധിക്കില്ലെന്ന് കരുതിയ പല കേസുകളും തെളിയിക്കാൻ ഈ കാലയളവിൽ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, മൂന്ന് നിലകളിലായി തളാപ്പിൽ നിർമിച്ച ആറ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾ, കൂത്തുപറമ്പിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി നിർമിച്ച സെൻട്രൽ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ, കണ്ണൂർ സെൻട്രൽ ജയിൽ
കഫ്‌റ്റേരിയ, കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിനു മുകളിൽ പുതുതായി നിർമിച്ച ട്രെയിനിംഗ് സെന്റർ എന്നിവയാണ് ജില്ലയിൽ ഉദ്ഘാടനം ചെയ്തത്.
നാലു നിലകളിലായി 34,564 ചതുരശ്ര അടി വിസ്തീർണത്തിൽ 12.625 കോടി രൂപ ചെലവിലാണ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം നിർമിച്ചത്. അഡീഷണൽ എസ്പി ഓഫീസ്, എ.സി.പി ഓഫീസുകൾ, മിനിസ്റ്റീരിയൽ സ്റ്റാഫ് സെക്ഷനുകൾ, റെക്കോർഡ് റൂം, ഭരണവിഭാഗം എന്നിവയ്ക്ക് പുറമെ ആധുനിക കോൺഫറൻസ് റൂം, ഓഡിറ്റോറിയം, റിസപ്ഷൻ, അസംബ്ലി ഹാൾ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻനിർത്തി തളാപ്പിൽ ആറ് എൽ.എസ്.ക്യു ഫ്‌ളാറ്റുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് നിലകളിലായി നിർമിച്ച ക്വാർട്ടേഴ്സുകളിൽ ഓരോ നിലയിലും രണ്ട് വീടുകൾ വീതം ഉണ്ടാകും. 1,850 ചതുരശ്ര അടി വിസ്തീർണത്തിൽ 1.89 കോടി രൂപ ചെലവിൽ നിർമിച്ച ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സുകൾ ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടി ജോലിസ്ഥലത്തിന് സമീപം സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കും.
കൂത്തുപറമ്പിൽ എസിപി ഓഫീസിന് മുകളിലായി 1,626 ചതുരശ്ര അടി വിസ്തീർണത്തിൽ 51 ലക്ഷം രൂപ ചെലവിൽ നിർമിച്ച സെൻട്രൽ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ സുരക്ഷാ പ്രാധാന്യമുള്ള തടവുകാർ, പ്രത്യേക സുരക്ഷാ ക്രമീകരണം ആവശ്യമായ വ്യക്തികൾ എന്നിവരെ പാർപ്പിക്കുന്നതിനായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബലപ്പെടുത്തിയ സുരക്ഷാമുറികൾ, 24 മണിക്കൂർ നിരീക്ഷണ സംവിധാനം, നിയന്ത്രിത പ്രവേശനം, പ്രത്യേക അഭിമുഖ മുറികൾ, സുരക്ഷിത സഞ്ചാര പാതകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിരിട്ടുണ്ട്.
ഉദ്ഘാടനം ചെയ്ത കെട്ടിടങ്ങൾക്കായി വിവിധ പ്രവൃത്തികൾ പൂർത്തീകരിച്ചവർക്കുള്ള കണ്ണൂർ സിറ്റി പോലീസിന്റെ സ്‌നേഹോപഹാരം സ്പീക്കർ കൈമാറി. കണ്ണൂർ കോർപറേഷൻ മേയർ പി ഇന്ദിര വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി നിസാർ അഹമ്മദ്, കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, കോർപറേഷൻ കൗൺസിലർ ലിഷ ദീപക്, സെക്രട്ടറി എൻ.കെ പ്രസാദ് എന്നിവർ പങ്കെടുത്തു. തുടർന്ന് പോലീസ് സേനാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

0 Comments