താമരശ്ശേരി ∙ ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും മറ്റും നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു. ചുരത്തിൽ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. ഇതിൽ 6ാം വളവിന്റെ ഡിസൈൻ വർക്കിനാണ് അനുമതി ലഭിച്ചത്. 7,8 വളവുകളുടെ ഡിസൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കുമെന്നാണു വിവരം. 6ാം വളവ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർമാണ സാമഗ്രികളും മറ്റും കരാർ കമ്പനി ചുരത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഈ മൂന്നു വളവുകളിലും മരങ്ങൾ മുറിച്ച് മാറ്റി അരികുഭിത്തി കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിന് 22 കോടി രൂപയുടെ ടെൻഡർ ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്‌ഷൻ കമ്പനിയാണ് എടുത്തിരിക്കുന്നത്. ഈ വളവുകൾ വീതികൂട്ടുന്നതിനുള്ള വനഭൂമി വിട്ടു കിട്ടുന്നതിനു ദേശീയപാത വിഭാഗം വർഷങ്ങളായി നടത്തിവന്ന ശ്രമങ്ങൾ കഴിഞ്ഞ ഡിസംബറിലാണു ഫലം കണ്ടത്. വിട്ടുകൊടുത്ത സ്ഥലത്തെ മരങ്ങളുടെ വാല്യുവേഷനും മറ്റും നടത്തി വനം വകുപ്പ് നിർദേശിച്ച തുക അടച്ചിട്ടും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഭൂമി ദേശീയപാത വിഭാഗത്തിനു വിട്ടുകിട്ടിയത്. ഈ 3 വളവുകൾ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു ആശ്വാസമാകുമന്നാണു പ്രതീക്ഷ.

0 Comments