മുണ്ടത്തിക്കോട് സ്ഫോടനം; സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് ഡിജിപി

 

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സ്ഫോടനത്തിൽ നിലവിൽ ദുരൂഹതകളൊന്നും പറയാനാകില്ലെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിലുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

അപകടം നടന്ന സ്ഥലത്ത് ഇരുന്നൂറോളം പോലീസുകാർ അടങ്ങുന്ന സംഘം വിപുലമായ പരിശോധനയാണ് നടത്തുന്നത്. കഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇന്ന് നാല് ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തു. സ്ഫോടനസമയത്ത് സ്ഥലത്ത് 37 പേരുണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം. ഇതിൽ നാല് പേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസ്ഥലത്ത് അവശേഷിക്കുന്ന മുന്നൂറ് കിലോയോളം സ്ഫോടകവസ്തുക്കൾ ഇന്ന് തന്നെ സുരക്ഷിതമായി നീക്കം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.

ഭരണകൂടവും സംഘാടകരും ജനങ്ങളും ഒത്തൊരുമിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.

Post a Comment

0 Comments