മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇക്കൊല്ലത്തെ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. പൂരത്തിന്റെ ഭാവി തീരുമാനിക്കാൻ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുമായി ഇന്ന് നിർണ്ണായക ചർച്ച നടക്കും. പൂരം ഏകോപനത്തിനായി നേരത്തെ നിശ്ചയിച്ചിരുന്ന യോഗമാണെങ്കിലും, വെടിക്കെട്ട് അപകടം സൃഷ്ടിച്ച അസാധാരണ സാഹചര്യം യോഗത്തിൽ പ്രധാന ചർച്ചയാകും.
വെടിക്കെട്ട് അപകടത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും നിയന്ത്രണം വേണമെന്ന നിലപാടിലാണ് സർക്കാർ. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പൂരം നടത്തണമെന്ന പൊതുവികാരം ഉയരുന്നതായി സർക്കാർ വിലയിരുത്തുന്നു. ഒരു മുൻവിധിയോടെയല്ല യോഗത്തെ സമീപിക്കുന്നതെന്നും ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട ശേഷം അന്തിമതീരുമാനമെടുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവരുമായി അദ്ദേഹം നേരത്തെ ചർച്ച നടത്തിയിരുന്നു.

0 Comments