ചെന്നൈ: ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും മാസ് എൻട്രിക്ക് വിജയിന്റെ ടിവികെയും- തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കു പ്രകാരം 17.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 5.73 കോടി വോട്ടർമാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
ഈ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് വിജയിക്കുമെന്ന് ചെന്നൈ എസ്‌ഐഇടി കോളേജിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭാര്യ ദുർഗ, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്.
വോട്ടെടുപ്പ് സമയം രണ്ടുമണിക്കൂർ ദീർഘിപ്പിക്കണമെന്ന് ടിവികെ അധ്യക്ഷനും നടനുമായ വിജയ് തിരഞ്ഞെടുപ്പുകമ്മിഷനോട് ആവശ്യപ്പെട്ടു. ഗതാഗത തടസ്സവും പോളിങ്ങിലുണ്ടാകുന്ന താമസവും കാരണം നിരവധിയാളുകൾക്ക് കാത്തുനിൽക്കേണ്ടിവരുന്നെന്നും അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന് അയച്ച കത്തിൽ പറയുന്നു. അതേസമയം, സേലം അരിസിപാളയത്തെ 139-ാം നമ്പർ ബൂത്തിൽ എഐഎഡിഎംകെ-ഡിഎംകെ ബൂത്ത് ഏജന്റുമാർ തമ്മിൽ സംഘർഷമുണ്ടായി.

0 Comments