തിരുവനന്തപുരം: പോലീസിനെതിരെ ‘പോടാ പുല്ലേ’ എന്ന് മുദ്രാവാക്യം വിളിച്ചതിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. സർവീസിലിരുന്ന കാലത്തും തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ മുഖത്ത് നോക്കി ഇത്തരത്തിൽ വിളിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. വട്ടിയൂർക്കാവ് പോലീസിനെതിരായ ബിജെപിയുടെ പ്രതിഷേധത്തിനിടെയായിരുന്നു ശ്രീലേഖയുടെ വിവാദ മുദ്രാവാക്യം.
ഗുരുതരമായ വീഴ്ച വരുത്തുന്നവരെയും അഴിമതിക്കാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും ഡിസ്മിസ് ചെയ്യാനും മടിച്ചിട്ടില്ല. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട പോലീസുകാർ പോലുമുണ്ട്. അന്നൊന്നും ഒരു പോലീസ് അസോസിയേഷനും തനിക്കെതിരെ രംഗത്തെത്തിയിരുന്നില്ല. വിരമിച്ച ശേഷം, തെറ്റ് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ‘പോടാ’ എന്ന് വിളിച്ചതിൽ ഇപ്പോൾ എന്തിനാണ് ഇത്ര വേവലാതിയെന്ന് അവർ ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ വട്ടിയൂർക്കാവ് എസ്എച്ച്ഒയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചത് നല്ല കാര്യമാണെന്നും ഇതിന് ഡിജിപിയോടും സിറ്റി പോലീസ് കമ്മീഷണറോടും നന്ദിയുണ്ടെന്നും അവർ കുറിച്ചു.
പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ശ്രീലേഖയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. യൂണിഫോമിട്ട സേനാംഗങ്ങളെ പരസ്യമായി അധിക്ഷേപിച്ചത് ശരിയായില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനാണ് ശ്രീലേഖ മറുപടി നൽകിയത്.

0 Comments