കോഴിക്കോട്: നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് പരിപാടി നടന്ന വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. പരിപാടി കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നുവെന്നും ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിന് വേണ്ടി നടത്തിയ പരിപാടിയാണിത്. ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല പരിപാടി നടന്നത്. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം ഒരുക്കി എടുക്കുകയാണ് ചെയ്തത്. നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് സഹകരിച്ചാണ് നടത്തിയത്. നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകമാണിവിടം. അവർ വളർന്നത് ഇവിടെ നിന്നാണ്. നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്. പഠിപ്പിച്ചതിൽ എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്.
ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസോടുകൂടിയാണ് പരിപാടി കൺട്രോൾ ചെയ്തത്. നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു. ഇവിടത്തെ ദേശവിളക്കിന് വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരിതെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.
അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട്നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂവെന്നും ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷേത്ര കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ, ക്ഷേത്രത്തിൽ പരിപാടിയിൽ ക്രിസ്തീയ ഗാനം പാടിയത് ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍ വികാരം ഹൃദയപൂര്‍വം അംഗീകരിക്കുന്നുവെന്നുമായിരുന്നു നന്ദഗോവിന്ദം ഭജൻസ് പ്രസ്താവനയിൽ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നത് ശ്രദ്ധിച്ചുവെന്നും ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിചേർത്തു

0 Comments