തിരുവനന്തപുരം: സുരേഷ് ഗോപി തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ജയിച്ചു കയറിയത് ക്രിസ്ത്യൻ വോട്ടുകൾ മാത്രം നേടിയല്ലെന്ന് ബിജെപി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ . സുരേഷ് ഗോപിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരിക്കുക സ്ത്രീകളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്ക് ലഭിച്ച വോട്ടുകളാണവ. 68 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലമാണ് തൃശ്ശൂരെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാഷ്ട്രീയം നോക്കാതെ പല സ്ത്രീകളും വോട്ട് ചെയ്തു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ ടിപി സെൻകുമാർ ആഞ്ഞടിച്ചു. മുതിർന്ന നേതാവ് കെഎസ് രാധാകൃഷ്ണനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒതുക്കിയതായി അദ്ദേഹം ആരോപിച്ചു. നല്ല പ്രാസംഗികനും പണ്ഡിതനുമായ കെഎസ് രാധാകൃഷ്ണൻ ധീവര സമുദായത്തിൽ നിന്നുള്ള ആളാണ്. ആ സമുദായത്തിന് ശരിയായ രാഷ്ട്രീയ പ്രാതിനിധ്യം കൊടുക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും, ജയിക്കാത്ത മണ്ഡലങ്ങളിലാണ് അത്തരം സമുദായക്കാരെ പരിഗണിച്ചതെന്നും സെൻകുമാർ പറഞ്ഞു.

0 Comments