തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് സിപിഎം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനെ ആകെ തകർക്കുക ലക്ഷ്യമിട്ട് നടക്കുന്ന വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാർട്ടി ആരോപിക്കുന്നു. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ പിണറായി വിജയന്റെ വീടിന് മുന്നിൽ നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനുമായി സിപിഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടാനാണ് പാർട്ടിയുടെ തീരുമാനം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കണ്ട് ഔദ്യോഗിക നിലപാടുകൾ വിശദീകരിക്കും. റെയ്ഡിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി നിലവിൽ ആലോചിക്കുന്നത്.
കേന്ദ്രത്തിലെ ബിജെപി സർക്കാർ മുൻനിര പ്രതിപക്ഷ നേതാക്കളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത അക്രമണമാണിതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. റെയ്ഡിന് പിന്നിൽ കോൺഗ്രസ്-ബിജെപി സംയുക്ത നീക്കമാണെന്ന് പി. ജയരാജൻ ആരോപിച്ചു. കേരളത്തിലെ യുഡിഎഫ് സർക്കാരിന് ഈ റെയ്ഡിൽ പങ്കുണ്ടോ എന്ന ശക്തമായ സംശയമാണ് സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പിണറായിക്കെതിരെയുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു. റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്ന് മുതിർന്ന നേതാവ് എം.എ ബേബിയും ആവശ്യപ്പെട്ടു.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയെയും അതിന്റെ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങൾക്ക് സമാനമായ അജണ്ടയാണ് ഇപ്പോൾ പിണറായി വിജയനും മകൾക്കുമെതിരെ കേരളത്തിൽ നടക്കുന്നതെന്ന് കെ.കെ. രാഗേഷ് ആരോപിച്ചു. അതേസമയം, പിണറായി വിജയന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം ദേശീയ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി സർക്കാരിന്റെ നടപടിയെ കേന്ദ്ര കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം ഭീഷണികളും വേട്ടയാടലുകളും കൊണ്ട് പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

0 Comments