ഇ.ഡി ഈ റെയ്ഡ് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി, ഇതുകൊണ്ടൊന്നും സിപിഎം തളരില്ല- പിണറായി


തിരുവനന്തപുരം: തന്റെ വീട്ടിൽ കയറി ഇത്തരമൊരു പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയടക്കമുള്ള പലർക്കും വലിയ മനഃസംതൃപ്തി നൽകുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ പരിശോധന രാജ്യത്തെ ചിലർക്ക് വലിയ മനഃസംതൃപ്തി നൽകുന്നതാണെന്ന് അദ്ദേഹം പരിഹസിച്ചു. "എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല" എന്ന് മുൻപ് പരസ്യമായി ചോദിച്ച രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഇത് സന്തോഷം നൽകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബിജെപി ഗവൺമെന്റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ ദേശീയ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടാനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മുൻമന്ത്രി മുഹമ്മദ് റിയാസും വിമർശിച്ചു. മതനിരപേക്ഷതയ്ക്ക് വേണ്ടി സ്വന്തം ജീവൻ ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും ഇങ്ങനെയുള്ള ഓരോ സംഗതികൾ കാട്ടി കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരേണ്ടതില്ലെന്നും ഈ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ഏതു തരത്തിലുള്ള ഭീഷണിവന്നാലും പതറില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ പണമിടപാട് വിഷയത്തിൽ, നിയമാനുസൃതമായി നടത്തിയ ഒരു ബിസിനസിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വഴി പ്രതിഫലം വാങ്ങുകയും അതിന് കൃത്യമായി നികുതിയടയ്ക്കുകയും ചെയ്തിട്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസിയുമായി എല്ലാ നിലയിലും സഹകരിച്ചിട്ടുണ്ടെന്നും വീട്ടിൽ നടന്ന പരിശോധനയിൽ ഒന്നുംതന്നെ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments