തെഹ്റാന്‍: ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും സൈനിക ബോട്ടുകൾക്കും നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി). തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കുന്നതിനായി നടത്തിയ ആത്മരക്ഷാർത്ഥമുള്ള ആക്രമണം എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഇത് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന താല്ക്കാലിക വെടിനിർത്തൽ കരാറിനെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
ഇറാനിയൻ മിസൈൽ കേന്ദ്രത്തിന് നേരെയും, കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ശ്രമിച്ച ഇറാന്റെ രണ്ട് സൈനിക ബോട്ടുകൾക്ക് നേരെയുമാണ് യുഎസ് ആക്രമണം ഉണ്ടായതെന്നാണ് അമേരിക്കൻ വക്താക്കൾ അവകാശപ്പെടുന്നത്. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക് എന്നീ മേഖലകളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസിന്റെ ഈ നടപടി മേഖലയിൽ വലിയ തോതിലുള്ള പ്രകോപനത്തിന് കാരണമായിട്ടുണ്ടെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. ഇതിന് കൃത്യമായ മറുപടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം, സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിട്ടില്ലെന്നാണ് ഇറാന്റെ വാദം. കഴിഞ്ഞ ഒരു പകലും ഇരവും കൊണ്ട് എണ്ണടാങ്കറുകൾ ഉൾപ്പെടെ 25-ഓളം ചരക്കുകപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോയതായി ഐആർജിസി അവകാശപ്പെട്ടു.
എന്നിരുന്നാലും, ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ വീണ്ടും സൈനിക നീക്കങ്ങൾ ശക്തമായത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ഇറാനും അമേരിക്കയും തമ്മിൽ പ്രാഥമിക ചർച്ചകളിൽ പുരോഗതി ദൃശ്യമായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ, കൂടുതൽ വിപുലമായ ഒരു കരാറിലെത്താൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടി എടുത്തേക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.

0 Comments