ഭോപ്പാല്‍: മോഡല്‍ ട്വിഷ ശര്‍മയുടെ ദുരൂഹ മരണത്തില്‍ ഭര്‍തൃമാതാവും മുന്‍ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ഗിരിബാല സിങ്ങിന്റെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍തൃവീട്ടിലെ കടുത്ത പീഡനങ്ങള്‍ക്കൊടുവിലാണ് ട്വിഷയുടെ മരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഗിരിബാല സിങ്ങിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി അനുവദിച്ച മുന്‍കൂര്‍ ജാമ്യം കേസിന്റെ വസ്തുതകളും ഗിരിബാല സിങ്ങിനെതിരായ ആരോപണങ്ങളും കണക്കിലെടുത്ത് റദ്ദാക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ഗിരിബാല സിങ് തെളിവുകള്‍ ഇല്ലാതാക്കാനും സ്വാധീനിക്കാനും ശ്രമിച്ചെന്ന് ഹരജിക്കാര്‍ ആരോപിച്ചിരുന്നു.
മെയ് 12നാണ് ഭോപ്പാലിലെ കത്താറ ഹില്‍സ് പ്രദേശത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ട്വിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു അഭിഭാഷകനായ സമര്‍ഥ് സിങ്ങുമായി ട്വിഷയുടെ വിവാഹം. ദാമ്പത്യം തുടങ്ങി ആറ് മാസത്തിനുള്ളിലാണ് ട്വിഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന് ട്വിഷയുടെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ ഭര്‍ത്താവ് സമര്‍ഥിനും ഗിരിബാലക്കുമെതിരെ കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. സമര്‍ഥ് സിങ് നിലവില്‍ സിബിഐ കസ്റ്റഡിയിലാണ്. ട്വിഷയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ട്വിഷയുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നു. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ട്വിഷയുടെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ ശ്വാസംമുട്ടി കഴിയുകയാണെന്നും ഇവിടെ നിന്നും രക്ഷപ്പെടണമെന്നും വാട്സ്ആപ്പ് ചാറ്റില്‍ ട്വിഷ പറയുന്നുണ്ട്. കോടതി നടപടികളില്‍ അവരുടെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ട്വിഷ ഗര്‍ഭിണിയായതിന് പിന്നാലെ അതിന്റെ പിതൃത്വത്തില്‍ സംശയം ഉയര്‍ത്തി ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചതടക്കമുള്ള ആരോപണങ്ങളും ഭര്‍തൃകുടുംബത്തിന് എതിരെ ഉയര്‍ന്നിരുന്നു.

0 Comments