ഫോണ്‍ വിളി വിവാദം; ‘ സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍




മലപ്പുറം :ഫോണ്‍ വിളി വിവാദത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍. സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടിക്ക് മുന്‍പാകെ സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം അടങ്ങിയ പെന്‍ഡ്രൈവ് സമര്‍പ്പിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു.

പിവി അന്‍വറുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മെയ് മാസമാണ് സുജിത്ത് ദാസിനെ വകുപ്പ് തല അന്വേഷണത്തെ തുടര്‍ന്ന് കുറ്റവിമുക്തനാക്കിയത്. അന്വേഷണ സംഘത്തിന് മുന്നില്‍ പിവി അന്‍വര്‍ ഹാജറാവുകയോ തെളിവ് നല്‍കുകയോ ചെയ്തിട്ടില്ല എന്ന് പറഞ്ഞായിരുന്നു നടപടി. എന്നാല്‍, മൊബൈല്‍ ഫോണ്‍ ഹാജരാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയതായി പിവി അന്‍വര്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചില്ല. സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടിക്ക് മുന്‍പാകെ സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം അടങ്ങിയ പെന്‍ഡ്രൈവ് സമര്‍പ്പിച്ചതായും അന്‍വര്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ സൂചിപ്പിക്കുന്നു.

വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച ഈ ഫോണ്‍ സംഭാഷണം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും മുമ്പ് വിലയിരുത്തലുണ്ടായിരുന്നു. സുജിത്ത് ദാസിന്റെ മണിക്കൂറുകള്‍ നീണ്ട ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിനേയും ഉന്നത ഉദ്യോഗസ്ഥരേയും സംശയമുനയില്‍ നിര്‍ത്തുന്ന നിരവധി പരാമര്‍ശങ്ങള്‍ ശബ്ദരേഖയിലുണ്ടായിരുന്നു. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അന്തസിന് നിരക്കാത്ത ഭാഷയിലാണ് സുജിത്ത് സംസാരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്‍വര്‍ ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച നീക്കത്തിന്റെ തുടക്കവും ഈ ഫോണ്‍വിളി വിവാദത്തില്‍ നിന്നായിരുന്നു. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സുജിത്ത് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Post a Comment

0 Comments