വിനേഷ് ഫോഗട്ട് ഏഷ്യൻ ഗെയിംസ് യോഗതാ റൗണ്ടിൽ മത്സരിക്കുന്നത് തടയാൻ സുപ്രീം കോടതിയെ സമീപിച്ച് റെസ്ലിങ് ഫെഡറേഷൻ

 



ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ട്രയൽ റണ്ണിൽ വിനേഷ് ഫോഗട്ടിനെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ. വിനേഷ് ഫോഗട്ട് ട്രയലിൽ പങ്കെടുക്കുന്നത് തടയാൻ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി നാളെ പരിഗണിക്കും. നേരത്തെ ട്രയലിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. മെയ് 30, 31 തീയതികളിലാണ് ഏഷ്യൻ ഗെയിംസിനുള്ള ട്രയൽ റൺ.

പ്രസവാവധി കഴിഞ്ഞ് തിരികെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസിനുള്ള ട്രയൽ റണ്ണിൽ പങ്കെടുക്കുന്നതിൽനിന്ന് അയോഗ്യയാക്കിക്കൊണ്ട് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിനേഷ് ഫോഗട്ടിന് മെയ് 18-ന് ലഭിച്ച വിധിയിൽ നിരാശയായിരുന്നു ഫലം. എന്നാൽ ഈ വിധിക്കെതിരെ വിനേഷ് അപ്പീൽ നൽകി. തുടർന്ന് മെയ് 22-ന് താരത്തിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാനുള്ള അനുമതി ഡൽഹി ഹൈക്കോടതി നൽകി. താരത്തിന് ട്രയൽസിൽ പങ്കെടുക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഡിവിഷൻ ബെഞ്ച് റെസ്‌ലിങ് ഫെഡറേഷന് നിർദേശവും നൽകിയിരുന്നു.

എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് ഫെഡറേഷൻ. വിനേഷ് ഫോഗട്ടിനെ ട്രയൽസിൽ പങ്കെടുപ്പിക്കരുത് എന്ന നിലപാടിൽ ഫെഡറേഷന് ഒരു മാറ്റവുമില്ല. ഫെഡറേഷന്റെ ആവശ്യപ്രകാരം ഹർജി നാളെ വെള്ളിയാഴ്ച തന്നെ പരിഗണിക്കുമെന്നാണ് പുതിയ വാർത്ത.

പാരീസ് 2024 ഒളിമ്പിക്സിൽ ആഗോളതലത്തിൽ വാർത്തകളിൽ ഇടംനേടിയ ഇന്ത്യൻ ഫ്രീസ്റ്റൈൽ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിനേഷ് ഫോഗട്ട്, 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച് നിലവിലെ ഒളിമ്പിക് ചാമ്പ്യനായ യുയി സുസാക്കിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ഇതോടെ ഒളിമ്പിക് ഗുസ്തിയിൽ സ്വർണ്ണപ്പോരാട്ടത്തിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രനേട്ടവും അവർ സ്വന്തമാക്കി. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫൈനൽ മത്സരത്തിന്റെ അന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ നിശ്ചിത പരിധിയേക്കാൾ 100 ഗ്രാം കൂടുതൽ ഭാരം രേഖപ്പെടുത്തിയതിനെ തുടർന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു.

Post a Comment

0 Comments