ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി അസം

 



ഗുവാഹതി: ഏകീകൃത സിവില്‍ കോഡ് ബില്‍ (യുസിസി ബില്‍) പാസാക്കി അസം നിയമസഭ. പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. വിശദമായ പഠനത്തിനായി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഉത്തരാഖണ്ഡ്, ഗുജറാത്ത് നിയമസഭകള്‍ക്ക് ശേഷം യുസിസി ബില്‍ പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് അസം. ബിജെപി ഭരണത്തിലുള്ളവയാണ് ബില്‍ പാസാക്കിയ സംസ്ഥാനങ്ങളെല്ലാം.

2026ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്. തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തിയ ബിജെപി രണ്ടാഴ്ച മുമ്പ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനത്തെ വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയിലും ലിവ്-ഇന്‍ ബന്ധങ്ങളിലും ഒരേ ചട്ടക്കൂടാണ് ഏകീകൃത സിവില്‍ കോഡിലൂടെ നിലവില്‍ വരിക. 30 ദിവസത്തിനകം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ 10,000 രൂപ വരെ പിഴയീടാക്കാന്‍ വ്യവസ്ഥയുണ്ട്. അതേസമയം, ഗോത്രവിഭാഗങ്ങളെ ഏകീകൃത സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏകീകൃത സിവില്‍ കോഡ് എന്നത് ബിജെപിയുടെ മാത്രം അജണ്ടയല്ലെന്നും പണ്ട് കോണ്‍ഗ്രസ് പോലും നടപ്പിലാക്കാന്‍ ആഗ്രഹിച്ചിരുന്ന ഭരണഘടന വിഭാവനം ചെയ്യുന്ന ഒരു കാര്യമാണെന്നുമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സഭയില്‍ അവകാശപ്പെട്ടത്. ബില്ലിന്മേല്‍ നിയമസഭയില്‍ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ ഷെര്‍മാന്‍ അലി അഹമ്മദ് ബില്ലിലെ ചില വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ ബാലവിവാഹം തടയുന്നതിനും ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങളെ താന്‍ പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

2024ല്‍ ഉത്തരാഖണ്ഡാണ് ആദ്യമായി യുസിസി നിയമമാക്കിയ സംസ്ഥാനം. ഈ വര്‍ഷം മാര്‍ച്ചില്‍ ഗുജറാത്ത് നിയമസഭയും ബില്‍ പാസാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസ്സാക്കാനുള്ള നീക്കത്തിലാണ്. ബംഗാളില്‍ അധികാരത്തിലേറിയ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്.

Post a Comment

0 Comments