മാനന്തവാടി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം ധനസഹായം; അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറുമെന്ന് ഉഷ വിജയൻ എംഎൽഎ

 



വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നൽകുമെന്നും ആശ്രിതർക്ക് സ്ഥിര നിയമനം നൽകുന്നതിനായി സർക്കാരിനോട് ശിപാർശ ചെയ്യുമെന്നും എംഎൽഎ അറിയിച്ചു. കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. മരണത്തിന് പിന്നാലെ നാട്ടുകാരും സിപിഎം പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചർച്ചയിൽ അധികൃതർ നൽകിയ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

'ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഫെൻസിങ് പ്രതിരോധ നടപടികൾ ഊർജിതമാക്കും. രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനമായിട്ടുണ്ട്. അടിയന്തര ധനസഹായമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. നടപടിക്രമങ്ങളുടെ തുടർച്ചയെന്നോണം ഉടൻ തന്നെ ബാക്കി തുകയും അവരെ ഏൽപ്പിക്കും. ആശ്രിതർക്ക് സ്ഥിരം നിയമനമായി സർക്കാർ ജോലി നൽകാനുള്ള ശിപാർശ നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.' എംഎൽഎ അറിയിച്ചു.

ഇന്ന് രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിൽ കാട്ടാനയെ പ്രദേശവാസികൾ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ രാജു ആനയുടെ മുന്നിൽ പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ രാജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒറ്റയാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.

Post a Comment

0 Comments