ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയും മണ്ഡലപുനർനിർണയ ബില്ലും അവതരിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നേരത്തെ പാർലമെന്റിൽ മണ്ഡലപുനർനിർണയ ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുമായി ബിജെപി നേതൃത്വം ചർച്ച ആരംഭിച്ചു.
ഏകീകൃത തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ നിലവിൽ 39 അംഗ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിഗണനയിലാണ്. 2029-ഓടെ പരിഷ്കാരങ്ങൾ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പാർലമെന്റ് മഴക്കാല സമ്മേളനത്തിന്റെ അവസാന വാരത്തോടെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജെപിസി ചെയർമാൻ പി.പി. ചൗധരി അറിയിച്ചു.
സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, പദ്ധതി ഘട്ടം ഘട്ടമായുള്ള നടപ്പിലാക്കലിനും സാധ്യതയുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങി 2027-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ഇതിൽ ഉൾപ്പെടുത്തിയേക്കും. മണ്ഡലപുനർനിർണയം നടക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കാൻ ലോക്‌സഭാ സീറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ 50 ശതമാനം വർധനവ് വരുത്താമെന്ന നിർദേശം ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുലഭിച്ചാൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് ഡിഎംകെ. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടമാകില്ലെന്ന് ഉറപ്പാക്കണമെന്നാണ് ഡിഎംകെയുടെ പ്രധാന ആവശ്യം. അതേസമയം, ബിജെപിയുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലയിലല്ല, മറിച്ച് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പിന്തുണ മാത്രമായിരിക്കും ഇതെന്നും ഡിഎംകെ നേതാക്കൾ വ്യക്തമാക്കി.

0 Comments