ന്യൂഡൽഹി: ഉയർന്ന ഇന്ധനച്ചെലവും യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ കുറവും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ പ്രമുഖ വിമാനക്കമ്പനികൾ ആഭ്യന്തര സർവീസുകൾ വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇന്ന് മുതൽ പ്രതിദിനം 250 ഓളം ആഭ്യന്തര സർവീസുകളാണ് നിർത്തലാക്കുന്നത്. വേനൽക്കാല അവധിക്കാലമായ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഈ നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിലായിരിക്കുന്ന സാഹചര്യത്തിൽ, കുടുംബമായി യാത്ര ചെയ്യുന്ന സാധാരണക്കാരെ ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കും.
മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന വ്യോമയാന ഹബ്ബുകളെയാണ് സർവീസ് വെട്ടിച്ചുരുക്കൽ ഏറ്റവും കൂടുതൽ ബാധിക്കുക. പ്രധാന ബിസിനസ്- വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയുന്നത് തിരക്കുള്ള സമയങ്ങളിൽ കനത്ത തിരക്കിനും യാത്രാക്ലേശത്തിനും കാരണമാകും.
മുംബൈയിൽ നിന്ന് ജയ്പൂർ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂർ, പട്‌ന, ഭോപ്പാൽ എന്നീ റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയും.
ഡൽഹിയിൽ നിന്ന് ഗോവ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കൊച്ചി, കൊൽക്കത്ത എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് കുറയ്ക്കുന്നത്. മടങ്ങിവരുന്ന സർവീസുകളിലെ വെട്ടിച്ചുരുക്കൽ ബെംഗളൂരുവിലെ കണക്റ്റിവിറ്റിയെയും ബാധിക്കും. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക്, പ്രത്യേകിച്ച് ഡൽഹി- കൊച്ചി റൂട്ടിലുള്ളവർക്ക് ഇത് തിരിച്ചടിയാകും.
ഏറ്റവും വലിയ വെട്ടിച്ചുരുക്കൽ എയർ ഇന്ത്യയിൽ
തങ്ങളുടെ ആഭ്യന്തര സർവീസുകളുടെ 22 ശതമാനത്തോളമാണ് ജൂൺ, ജൂലൈ മാസങ്ങളിൽ എയർ ഇന്ത്യ വെട്ടിച്ചുരുക്കുന്നത്. നിലവിൽ പ്രതിദിനം അഞ്ഞൂറോളം ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ, ഇനി മുതൽ ദിവസേന 110 ഓളം സർവീസുകൾ കുറയ്ക്കും. ഇന്ധനവില വർധന മൂലമുള്ള താത്കാലിക ക്രമീകരണം മാത്രമാണിതെന്നും വിപണിയിലെ ആവശ്യകതയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ഇൻഡിഗോയും എയർ ഇന്ത്യ എക്‌സ്പ്രസും സർവീസുകൾ കുറയ്ക്കുന്നു
വിപണി വിഹിതത്തിൽ രാജ്യത്ത് ഒന്നാമതുള്ള ഇൻഡിഗോ ദിവസേന 2,200 ഓളം സർവീസുകളാണ് നടത്തുന്നത്. ഇതിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ കുറവ് വരുത്തുന്നതോടെ പ്രതിദിനം 110 ഓളം വിമാനങ്ങൾ ഇൻഡിഗോയ്ക്കും കുറയും. അതേസമയം, എയർ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വരുത്തും. നിലവിൽ 340 സർവീസുകൾ നടത്തുന്ന കമ്പനിയുടെ ഈ തീരുമാനം രാജ്യത്തുടനീളമുള്ള പല റൂട്ടുകളെയും ബാധിക്കും. വേനൽക്കാല അവധിക്ക് ശേഷമുള്ള യാത്രാക്കാരുടെ കുറവാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
വില്ലനായി വ്യോമയാന ഇന്ധനവില
വ്യോമയാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വൻ വർധനവാണ് വിമാനക്കമ്പനികളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ആഭ്യന്തര വിപണിയിൽ ജെറ്റ് ഇന്ധന വിലയിൽ ഏകദേശം 25 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര തലത്തിലും ഇന്ധനവില കുതിച്ചുയർന്നു.
വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിലൊന്ന് ഇന്ധനത്തിനായതിനാൽ, പുതിയ വിലവർധനവ് പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടി. ഇന്ധനവില ഉയർന്നതോടെ വ്യോമയാന മേഖല നേരത്തെ സർക്കാരിന്റെ സഹായം തേടിയിരുന്നു. ഉയർന്ന ചെലവുകൾക്കൊപ്പം യാത്രക്കാരുടെ എണ്ണത്തിൽ കാണുന്ന കുറവും കണക്കിലെടുത്ത്, വരും മാസങ്ങളിലെ ചെലവുകൾ നിയന്ത്രിക്കാനും വിപണിക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കാനുമാണ് വിമാനക്കമ്പനികളുടെ ശ്രമം.

0 Comments